ഓച്ചിറ: മഠത്തിൽ കാരാഴ്മയിൽ ഹൈ വോൾട്ടേജിനെ തുടർന്ന് നിരവധി വീടുകളിടെ വൈദ്യുതി ഉകരണങ്ങൾ നശിച്ചു. ഞായറാഴ്ച പകൽ ആയിരുന്നു സംഭവം. വള്ളികുന്നം സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേങ്ങളിലാണ് അമിതമായ തോതിൽ വൈദ്യുതി പ്രവഹിച്ചത്. മഠത്തിൽകാരാഴ്മ കളക്കൂട്ട് മീനത്തേരിൽ ഭാസ്കരന്റെ വീട്ടിലെ ഫ്രിഡ്ജ് , ഇൻവെർട്ടർ, മോഡം, സെക്യൂരിറ്റി സിസ്റ്റം, ട്യൂബുകൾ, ബൾബുകൾ എന്നിവ മെയിൻ സ്വിച്ച് ഉൾപ്പടെ കത്തി നശിച്ചു. കളക്കൂട്ടുതറയിൽ രാമകൃഷ്ണന്റെ ഇൻവെർട്ടർ, മോഡം, ട്യൂബ്, വയറിംഗ് എന്നിവയും മാവന്നൂർ വടക്കതിൽ രാജഗോപാലിന്റെ മോഡം, ട്യൂബുകൾ, ബൾബുകൾ എന്നിവയും വയറിഗും കത്തി നശിച്ചു. രമാലയത്തിൽ സദാശിവന്റെ ബൾബുകളും ഫാനും മീനത്തേരിൽ പ്രഭാകരന്റെ ട്യൂബുകൾ, ബൾബുകൾ, ഫാനുകൾ എന്നിവയും അമ്മറ്റൂർ തെക്കതിൽ സുനിലിന്റെ ഫാൻ, മെയിൻ സ്വിച്ച്, ടി.വി എന്നിവയും കടൂത്തറയിൽ ജാനമ്മയുടെ ട്യൂബുകൾ, ടി.വി എന്നിവയുമാണ് കത്തിനശിച്ചത്. പല വീടുകളിലും കസേരയിൽ ഇരുന്നവർക്ക് വരെ ഷോക്കേറ്റതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പ്രദേശത്ത് പലദിവസങ്ങളിലും ഉയർന്ന തോതിലുള്ള വൈദ്യുതിപ്രവാഹം ഉണ്ടാകുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.