c

പരിശോധന ശക്തമാക്കി സിറ്റി പൊലീസ്

കൊല്ലം: കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള പരിശോധന സിറ്റി പൊലീസ് കൂടുതൽ കർശനമാക്കുന്നു. അവശ്യ സേവനത്തിന് ഒഴികെയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മുതൽ പരിശോധനയ്ക്കായി നിരത്തിലുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഏർപ്പെടുത്തിയ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്പെഷ്യൽ സ്ക്വാഡുകളുടെ മിന്നൽ പരിശോധന ഊർജിതമാക്കും. പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പൊലീസ് വികസിപ്പിച്ച കൊവിഡ് സേഫ്ടി ആപ്പിന്റെ ഉപയോഗം വർദ്ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹ്യഅകലം പാലിക്കാതിരിക്കുകയും ചെയ്ത 5267 പേർക്ക് പിഴ ചുമത്തി. 11044 പേർക്ക് നോട്ടീസ് നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരുന്ന 93 വാഹനങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 1017 വാഹനങ്ങൾക്ക് നോട്ടീസ് നൽകി. 37,773 പേരെ ബോധവത്കരിച്ച് കുറ്റം ആവർത്തിരിക്കരുതെന്ന മുന്നറിയിപ്പ് നൽകി വിട്ടയച്ചു.