കൊല്ലം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹാർബറുകൾ ഇന്നലെ ഉച്ചയ്ക്ക് അടച്ചു. താത്കാലികമായി അടയ്ക്കുവാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടതെങ്കിലും ഈ മാസം അവസാനം വരെ നീളാനാണ് സാദ്ധ്യത.

നിയന്ത്രണം നീണ്ടാൽ ജൂൺ പകുതിയോടെ മൺസൂൺകാല ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ ഹാർബറുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ ജൂലായ് അവസാനം വരെ കാത്തിരിക്കേണ്ടിവരും. നിരോധനത്തോടെ അന്യസംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങളുടെ വരവ് വർദ്ധിക്കും.

ഹാർബറുകൾ നിബന്ധനകളോടെ പ്രവർത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഹാർബറുകളിലും അനുബന്ധ ലേല ഹാളുകളിലും നിബന്ധനകൾ ലംഘിക്കുന്നത് പതിവായതോടെയാണ് പ്രവർത്തനം നിറുത്താൻ ഉത്തരവായത്. അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി എന്നിവിടങ്ങളിലാണ് നിലവിൽ ഹാർബറുകൾ പ്രവർത്തിച്ചിരുന്നത്. ഇതുമായി നിരവധി ലേല ഹാളുകളും മത്സ്യവിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.