കുന്നിക്കോട് : കാര്യറ സർക്കാർമുക്ക്- എലിക്കാട്ടൂർ റോഡ് പുറമ്പോക്കിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആരംഭിച്ചു.റവന്യൂ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ. റോഡിൽ മുന്നൂറ് മീറ്റർ ദൂരത്തിലുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് തീരുമാനം. പുറമ്പോക്കിലെ ഒരു വീടും ആരാധനാലയത്തിന്റെ കാണിക്ക വഞ്ചിയും സ്വകാര്യ വ്യക്തികൾ മതിൽകെട്ടിത്തിരിച്ച ഭാഗങ്ങളും പൊളിച്ചു നീക്കി. വേറെ വസ്തുവോ വീടോയില്ലാത്ത മൂന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് കൊല്ലം ജില്ലാ കളക്ടറിൽ നിന്ന് സാവകാശം വാങ്ങി നൽകി. റോഡിന് വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് അനധികൃത കൈയ്യേറ്റങ്ങങ്ങൾ ഒഴിപ്പിക്കുന്നതെന്ന് അധികൃതരുടെ വിശദീകരണം.

പ്രദേശവാസിയുടെ പരാതിയിൽ

പ്രദേശത്ത് പുറമ്പോക്ക് ഭൂമികൾ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് ഒരു പ്രദേശവാസി പരാതിപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ച് നേരത്തേ സർവേ നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗം ഗ്രാമപ്പഞ്ചായത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അധികൃതർ ജെ.സി.ബിയുമായി എത്തി പൊളിച്ചുമാറ്റൽ ആരംഭിക്കുകയായിരുന്നു.കയ്യേറ്റമുണ്ടെന്ന പരാതി നൽകിയ വ്യക്തിയുടെ മതിലും പുറമ്പോക്കിലാണെന്ന് കണ്ടെത്തിയിതിനെ തുടർന്ന് അതും പൊളിച്ചു നീക്കി.

പത്തനാപുരം തഹസിൽദാറുടെ സാന്നിധ്യത്തിലായിരുന്നു ഒഴിപ്പിക്കൽ.