എഴുകോൺ: മിനി ലോക്ക് ഡൗണിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കശുഅണ്ടി ഫാക്ടറി പൊലീസ് അടപ്പിച്ചു. എഴുകോൺ മുക്കണ്ടത്ത് പ്രവർത്തിക്കുന്ന പുത്തൻപുരയിൽ കശുഅണ്ടി ഫാക്ടറിയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അടപ്പിച്ചത്. ഫാക്ടറിയിലെ ചില തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അത് വകവയ്ക്കാതെ ഉടമസ്ഥർ തൊഴിലാളികളെ വിളിച്ച് വരുത്തി ഫാക്ടറി പ്രവർത്തിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എത്തിയ പൊലീസും തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ രാവിലെ വറുത്ത കശുഅണ്ടി തീർന്ന ശേഷം ഫാക്ടറി അടയ്ക്കാൻ തീരുമാനിച്ചു.