മൂന്നുനേരം സൗജന്യ ഭക്ഷണം
കൊല്ലം: അംഗങ്ങളെല്ലാം കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീടുകളിലും ബന്ധുക്കളെല്ലാം ആശുപത്രികളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമായ വയോധികർക്കും ഭക്ഷണമെത്തിച്ച് നഗരസസഭ. ഇത്തരം കുടുംബങ്ങളെയും വ്യക്തികളെയും കണ്ടെത്തി ദിവസേന മൂന്നുനേരമാണ് ജനകീയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണമെത്തിക്കുന്നത്.
ഓരോ പ്രദേശത്തും അർഹരായവരെ കണ്ടെത്താനുള്ള ചുമതല അതതിടങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. ആറ് ദിവസം മുമ്പാണ് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയത്. ഇന്നലെ 121 വീടുകളിൽ ഭക്ഷണമെത്തിച്ചു.
ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ മറ്റുള്ളവരിലേക്കും പകരുന്നതാണ് നിലവിലെ സ്ഥിതി. ആദ്യവ്യാപനത്തിൽ നിന്ന് വ്യത്യസ്തമായി രോഗബാധിതർക്കെല്ലാം പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും കൊവിഡ് ബാധിച്ച വീടുകൾക്ക് നഗരസഭയുടെ സൗജന്യ ഭക്ഷണം ഏറെ ആശ്വാസമാകുന്നുണ്ട്.
വിഭവങ്ങൾ
രാവിലെ: ഇടിയപ്പം/ഇഡലി/ ദോശ, വെജിറ്റബിൾ കറി
ഉച്ചയ്ക്ക്: ഊണ് (സാമ്പാർ, അവിയൽ, തോരൻ, അച്ചാർ)
രാത്രി: ചപ്പാത്തി, വെജിറ്റബിൾ കറി