കൊല്ലം: ക്രിസോസ്റ്റം തിരുമേനിയും മാതാഅമൃതാനന്ദമയിയും തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധമായിരുന്നു. ഇത്രമേൽ ആത്മീയബന്ധം കാത്തുസൂക്ഷിച്ച സന്യാസിശ്രേഷ്ഠർ വേറെയുണ്ടാവില്ല. മാനവസേവ തന്നെയാണ് മാധവസേവയെന്ന് ഇരുവരും മുഖത്തോട് മുഖംനോക്കി പറഞ്ഞപ്പോൾ അത് ആയിരക്കണക്കിന് പാവങ്ങൾക്ക് വലിയ സഹായമായി.
2008ലാണ് ക്രിസോസ്റ്റം തിരുമേനി ആദ്യമായി വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തുന്നത്. ഇരുവരും ഏറെനേരം സംസാരിച്ചിരുന്നു. ഒടുവിൽ ഭജനയിലും പങ്കെടുത്ത ശേഷമാണ് തിരുമേനി യാത്രപറഞ്ഞത്. പിന്നീട് അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ പതിവായി തിരുമേനി പങ്കെടുത്തിരുന്നു. ഒരിക്കൽ അമൃതാനന്ദമയി ഒരു രുദ്രാക്ഷമാല സമ്മാനിച്ചു. തിരുമേനി അത് ധരിച്ചു. ഇതൊരു സംരക്ഷണ കവചമാണെന്ന് ചിരിച്ചുകൊണ്ട് തിരുമേനി പറയുമായിരുന്നു. തിരുമേനിയുടെ അഭ്യർത്ഥന പ്രകാരം ഒരുപാട് പാവങ്ങൾക്ക് മഠം സഹായമേകി.
വിദേശയാത്ര കഴിഞ്ഞ് അമ്മ മഠത്തിലെത്തിയാൽ തിരുമേനി വരും, അവിടത്തെ വിശേഷങ്ങൾ ചോദിച്ചറിയാൻ. അഞ്ചുവർഷം മുമ്പ് ഒരു ആഗസ്റ്റ് 14. തിരുമേനി ആശ്രമത്തിലെത്തി. അപ്പോൾ ചലച്ചിത്ര സംവിധായകൻ ബ്ലസി അവിടെ ഉണ്ടായിരുന്നു. അമൃതാനന്ദമയിയോട് കുശലം പറഞ്ഞ് തിരുമേനി പൊട്ടിച്ചിരിക്കുന്നതിനിടെ ബ്ലസിയുടെ ചോദ്യം, അമ്മ ദൈവമാണെന്ന് വിശ്വസിക്കുന്നുവോ? എങ്കിൽ എന്തുകൊണ്ടാണ്?. - 'എല്ലാവരിലുമുണ്ട് ഈശ്വര ചൈതന്യം. അത് അമ്മയിൽ കുറച്ച് കൂടുതലായി ഞാൻ കാണുന്നു'.
പ്രയാധിക്യത്താൽ യാത്ര കഴിയാതെ വന്നതോടെയാണ് തിരുമേനി മഠത്തിലേക്ക് വരാതായത്. എങ്കിലും മറ്റ് വെെദികർ വഴി അമൃതാനന്ദമയിയുമായി അദ്ദേഹം സംസാരിക്കുമായിരുന്നു. ദെെവനിയോഗത്താലുണ്ടായ പുണ്യമാണ് അമൃതാനന്ദമയിയോടുള്ള ആത്മബന്ധമെന്ന് അദ്ദേഹം പറയുമായിരുന്നു. തിരുമേനിയുടെ നിഷ്കളങ്കമായ ചിരി ആശ്രമത്തിൽ എല്ലാവർക്കും പ്രിയതരമായിരുന്നു.
''
ഓരോ തവണ അദ്ദേഹം ആശ്രമത്തിൽ വന്ന് മടങ്ങുമ്പോഴും അദ്ദേഹത്തിന്റെ ആയുസിനായി ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. നന്മയുടെ നിറകുടമായിരുന്നു തിരുമേനി.
മാതാ അമൃതാനന്ദമയി