saran
ശരൺ വേണു

കൊല്ലം: 'ചിത്രം' സിനിമയിലെ ബാലതാരമായി ശ്രദ്ധേയനായ നടൻ ശരൺ വേണു (40) അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് രണ്ടുദിവസം മുമ്പ് കടയ്ക്കൽ ആശുപത്രിയിൽ ശരൺ ചികിത്സ തേടിയിരുന്നു. ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപത്തെ വാടകവീട്ടിൽ ഇന്നലെ രാവിലെ കുഴഞ്ഞുവീണതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കൊവിഡ് പരിശോധനാഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സൂപ്പർ ഹിറ്റ് സിനിമയായ ചിത്രത്തിൽ സായിപ്പിനെ പറ്റിക്കാൻ ആറ്റിലേക്ക് ചാടി മോഹൻ ലാലിന്റെ കഥാപാത്രമായ വിഷ്ണുവിന്റെ ഡ്യൂപ്ലിക്കേറ്റ് അനുജനായി ശരൺ നിറഞ്ഞാടി. അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാംഅദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.സിനിമ ​- സീരിയൽ മേഖലയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചുകാലം മുമ്പ് മോഹൻലാലിനൊപ്പം സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ പരേതരായ എസ്. വേണു (ദൂരദർശൻ അസി. ഡയറക്ടർ),​ രാജകുമാരി (പഴയകാല ചലച്ചിത്ര നടി)​ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മക്കൾ: അച്യുത് ശരൺ, അർജുൻ ശരൺ. മോഹൻലാൽ, മനോജ് കെ.ജയൻ തുടങ്ങിയ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.