കരുനാഗപ്പള്ളി : നഗരസഭയിൽ കൊവിഡിനെ ചെറുക്കാൻ വാർ റൂം ഒരുങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൊവിഡ് വാർ റൂമാണ് നഗരസഭയിൽ സജ്ജമാക്കിയിരിക്കുന്നത്. രോഗബാധിതർക്ക് ടെലി മെഡിസിൻ സംവിധാനം, രോഗം മൂലം മാനസിക സമ്മർദ്ദമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നവർക്കും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി ടെലി കൗൺസിലിംഗ്, രോഗബാധിതർക്ക് ആശുപത്രിയിലേക്കും സ്രവ പരിശോധനകൾക്കും പോകുന്നതിനായി സൗജന്യ ആംബുലൻസ് ഉൾപ്പടെയുള്ളവാഹന സൗകര്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ എല്ലാം വാർറൂം വഴി ലഭ്യമാകും. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടാണ് പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. ഇതിനായി മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാരെ ക്രമീകരിച്ചതായും രണ്ട് കൗൺസിലിംഗിനായി രണ്ടു പേരുടെ സേവനം ഉറപ്പുവരുത്തിയതായും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി .മീന പറഞ്ഞു. വെള്ളിയാഴ്ചയോടെ വാർ റൂം പൂർണതോതിൽ പ്രവർത്തന സജ്ജമാകും. നഗരസഭയുടെ നേതൃത്വത്തിൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിക്കുന്ന പ്രാഥമിക ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും. കൊവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെയും യുവജന സംഘടനകളുടെയും യോഗം നഗരസഭയിൽ ചേർന്നു. എല്ലാ സ്വകാര്യ ആശുപത്രികളിലും 2 വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളും 10 ഓക്സിജൻ സൗകര്യമുള്ള കിടക്കകളും തയ്യാറാക്കി വയ്ക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. യുവജനങ്ങളുടെ നേതൃത്വത്തിൽ വാർഡ്തല വോളണ്ടിയർ സേനയും രൂപീകരിക്കും.