പുനലൂർ: നഗരസഭ അതിർത്തിയിൽ കൊവിഡ് വ്യാപകമായത് കണക്കിലെടുത്ത് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ 50 കൊവിഡ് രോഗികൾ കിടത്തി ചികിത്സിക്കാൻ തീരുമാനിച്ചു. ഇതിന് നഗരസഭ പത്ത് കിടക്കകൾ സൗജന്യമായി നൽകുമെന്ന് ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതിനൊപ്പം കുതിരച്ചിറയിലെ എ.ജി.കൺവെൻഷൻ സെന്ററിലെ ഫസ്റ്റ് ലൈൻ കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. ഏഴ് രോഗികളെ ചികിത്സ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തു. നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.