കൊല്ലം: മയ്യനാട് - പുല്ലിച്ചിറ റോഡിലെ പൈപ്പ്ലൈൻ അടിക്കടി പൊട്ടുന്നത് മൂലം കുടിവെള്ളമില്ലാതെ വലയുകയാണ് മയ്യനാട് വെള്ളാപ്പിൽ സ്വദേശികൾ. പൈപ്പ് പൊട്ടുമ്പോൾ വാട്ടർ അതോറിറ്റി ജീവനക്കാർ നന്നാക്കുന്നതും പിന്നാലെ വീണ്ടും പൊട്ടുന്നതും ഇവിടെ തുടർക്കഥയാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെള്ളാപ്പിൽ - പുല്ലിച്ചിറ റോഡിലെ നിരവധി സ്ഥലങ്ങളിൽ പൊട്ടിയ ജലവിതരണ പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയാണ്. ഇതേത്തുടർന്ന് പ്രദേശത്ത് കുടിവെള്ള വിതരണവും നിലച്ചു. നേരത്തെയുണ്ടായിരുന്ന കാസ്റ്റ് ഇരുമ്പ് പൈപ്പുകൾ മാറ്റി വ്യാസം കുറഞ്ഞ പി.വി.സി പൈപ്പുകൾ സ്ഥാപിച്ചതാണ് ഈ ദുരിതത്തിന് കാരണമെന്ന ആരോപണമുണ്ട്.
പൈപ്പുകൾ പൊട്ടുന്നതിലൂടെ പുല്ലിച്ചിറ റോഡിൽ വെള്ളാപ്പിൽ മുതലുള്ള ഒന്നരകിലോമീറ്റർ ദൂരത്ത് സ്ഥിരമായി വെള്ളക്കെട്ടും ഉണ്ടാകുന്നുണ്ട്. നിലവിലുള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
8 ഇഞ്ചിന് പകരം 3 ഇഞ്ച് പൈപ്പ്
മയ്യനാട് - പുല്ലിച്ചിറ റോഡിൽ നാൽപ്പത് വർഷങ്ങൾക്ക് സ്ഥാപിച്ചിരുന്ന എട്ട് ഇഞ്ച് കാസ്റ്റ് ഇരുമ്പ് പൈപ്പുകൾ മാറ്റിയാണ് പകരം മൂന്ന് ഇഞ്ച് പി.വി.സി പൈപ്പുകൾ സ്ഥാപിച്ചത്. വ്യാസം കുറഞ്ഞ പി.വി.സി പൈപ്പുകൾക്ക് വെള്ളത്തിന്റെ മർദ്ദം താങ്ങാൻ കഴിയാത്തതാണ് ഇടവിട്ട് പൊട്ടലുകൾ സംഭവിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദർ പറയുന്നു.