ns
എൻ.എസ് സഹകരണ ആശുപത്രിയിൽ സജ്ജമാക്കുന്ന കൊവിഡ് ഐ.സി.യു ബ്ളോക്ക്

 അത്യാധുനിക സൗകര്യങ്ങൾ  50 കിടക്കകൾ

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എൻ.എസ് സഹകരണ ആശുപത്രിയിൽ കൊവിഡ് ഐ.സി.യു സജ്ജമാകുന്നു. അൻപത് കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമായി യുദ്ധകാലാടിസ്ഥാനത്തിലാണ് ഐ.സി.യു ഒരുക്കുന്നത്. വെള്ളിയാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.

ഐ.സി.യുവിന് പുറമെ എച്ച്.ഡി.യു (സെമി ഐ.സി.യു), പോസ്റ്റ് കൊവിഡ് ഐ.സി.യു എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജൻ സൗകര്യങ്ങളോടു കൂടിയ വാർഡുകളും പേവാർഡുകളും അടക്കം ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 250 കിടക്കകളുടെ സൗകര്യമാണ് ഒരുക്കിയിട്ടുണ്ട്. നിലവിൽ ഐ.സി.യു വിഭാഗത്തിലെ 22 എണ്ണമുൾപ്പെടെ 94 കിടക്കകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്നത്. ഇതാണ് ഇരട്ടിയിലധികമായി വർദ്ധിപ്പിക്കുന്നത്.

ഐ.സി.യുവിൽ അണുബാധരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി പ്രത്യേക എയർ കണ്ടിഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സീനിയർ ഡോക്ടർമാർക്ക് പുറമേ 24 മണിക്കൂറും വൈദ്യസേവനം ഉറപ്പാക്കാൻ ഇന്റൻസിവിസ്റ്റുകളുടെയും കൊവിഡ് ചികിത്സയിൽ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സംഘവുമുണ്ടാകും.