തഴവ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പൊതുമാർക്കറ്റുകൾ അടച്ചു.

പുതിയകാവ്, കൊച്ചാലുംമൂട്, വള്ളിക്കാവ് ,കുഴുവേലി മുക്ക് എന്നീ മാർക്കറ്റുകളാണ് പൊലീസ് ,ഗ്രാമ പഞ്ചായത്ത്, റവന്യൂ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ അടച്ചത്.

പഞ്ചായത്തിൽ ഇന്നലെ 69 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ നിലവിലെ രോഗികളുടെ എണ്ണം എഴുന്നൂറ്റി മുപ്പത്തി രണ്ടായി. പ്രതിദിന രോഗികളുടെ എണ്ണം അൻപതിൽ താഴേയ്ക്ക് വരാത്ത പഞ്ചായത്ത് രോഗവ്യാപനത്തിന്റെ കാര്യത്തിൽ ജില്ലയിൽ ഒന്നാമതാണ്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർശനമായ സാമൂഹ്യ നിയന്ത്രണങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ഇപ്പോഴും തുടരുകയാണ് പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പൂർണമായും കെട്ടിയടച്ച സ്ഥിതിയിലാണ്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ വള്ളിക്കാവ് അമൃത എൻജിനിയറിംഗ് ഹോസ്റ്റലിൽ കൊവിഡ് ഡൊമിസെയിൽ കെയർ ആരംഭിച്ചെങ്കിലും ഇവിടെ വൈദ്യ സഹായം ഉണ്ടാകില്ല .രോഗികൾക്ക് ആഹാരം ,കിടക്ക എന്നീ സൗകര്യം മാത്രമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.