കിടക്കകൾ നിറഞ്ഞു
കൊവിഡ് രോഗികൾ വരാന്തയിൽ
ജില്ലയിൽ സ്ഥിതി സങ്കീർണം
കൊല്ലം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനൊപ്പം ഗുരുതര രോഗലക്ഷണമുള്ള രോഗികളുടെ എണ്ണവും കുതിച്ചുയർന്നതോടെ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകൾ നിറഞ്ഞു. രോഗികളെ കിടത്താൻ ഇടമില്ലാത്തതിനാൽ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ശ്വാസതടസം നേരിടുന്ന വൃദ്ധരെയടക്കം ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് വരാന്തയിൽ കസേരകളിൽ ഇരുത്തിയിരിക്കുകയാണ്.
ജില്ലാ ആശുപത്രിക്കും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിനും പുറമേ കഴിഞ്ഞ ദിവസം കർബലയിലെ വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിൽ സി.എഫ്.എൽ.ടി.സി തുടങ്ങിയെങ്കിലും ഇവിടെ ഓക്സിജൻ സംവിധാനമുള്ള കിടക്കകളില്ല.
ചവറയിൽ ഗവ.എച്ച്.എസ്.എസിൽ കെ.എം.എം.എല്ലിന്റെ സഹായത്തോടെ കൊവിഡ് ആശുപത്രി തിങ്കളാഴ്ച തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരംഭിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഓക്സിജൻ കിടക്കൾക്ക് പുറമേ വെന്റിലേറ്ററുകൾ, ഐ.സി.യു എന്നിവയും നിറഞ്ഞു.
ഓക്സിജൻ ക്ഷാമം അതിരൂക്ഷം
ജില്ലയിൽ ഓക്സിജൻ ക്ഷാമവും രൂക്ഷമായി. ഇന്ന് കൂടുതൽ ലോഡ് എത്തിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായ സ്ഥിതി ഇവിടെയും ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇന്നലെ രാത്രി വൈകിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദ്രവീകൃത ഓക്സിജൻ സംഭരിക്കുന്ന നഗരത്തിലെ ചില കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന് സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ച് എത്തിച്ചത്.
സ്വകാര്യ ആശുപത്രികളിൽ വൻകൊള്ള
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻതുകയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകാത്ത സ്ഥിതിയാണ്. കൊള്ളയടിക്കാൻ കഴിയാത്തതിനാൽ കാരുണ്യ ഇൻഷ്വറൻസ് ഉള്ളവരെയും സ്വകാര്യ ആശുപത്രികൾ ചികിത്സിക്കാൻ തയ്യാറാകുന്നില്ല. കാരുണ്യ പദ്ധതിയുടെ ഗണഭോക്താക്കളെയെല്ലാം സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണ്.
''
പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലാ ആശുപത്രി, ആശ്രാമം ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ എത്തിച്ചത്. ഈ ജില്ലകളിൽ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചതോടെ ജില്ലയിലേക്ക് ഇപ്പോൾ ഓക്സിജൻ എത്തുന്നില്ല.
ആരോഗ്യവകുപ്പ്