കൊല്ലം: ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. കോൺഗ്രസിന് ഇത്രയധികം സെക്രട്ടറിമാർ വേണ്ടെന്നും പ്രസിഡന്റിനൊപ്പം പ്രവർത്തിക്കുന്ന കുറച്ചുപേർ മതിയെന്നും അദ്ദേഹം പറഞ്ഞു.
തിരുത്തലല്ല, പാർട്ടിക്ക് ആവശ്യം തിരിച്ചറിവാണ്. ഈ തിരിച്ചറിവാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ വിജയത്തിന് പിന്നിൽ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ അടിയന്തരമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. വേണ്ടെന്ന് പറയുന്ന നേതാക്കൾ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് തിരിച്ചറിയണം.
യുവജന - വിദ്യാർത്ഥി സംഘടനയിലെ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ ഇനി കോൺഗ്രസ് നേതാക്കൾ ഇടപെടരുത്. അതിനുള്ള സ്വാതന്ത്ര്യം സംഘടനകൾക്ക് നൽകണം. ആൾക്കൂട്ടത്തെ സംഘടനയ്ക്ക് കീഴിലാക്കിയാലേ വിജയം ഉറപ്പാക്കാൻ കഴിയുകയുള്ളുവെന്നും അരുൺ രാജ് പറഞ്ഞു.