ആവശ്യക്കാർ കൂടിയതോടെ കൃത്രിമക്ഷാമം
കൊല്ലം: ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള ഓക്സിമീറ്ററിന് ആവശ്യക്കാരേറുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. അതിനാൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ ഇവ വാങ്ങാറുണ്ട്.
ഡോക്ടർമാർ ഓക്സിമീറ്റർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാൽ ആവശ്യക്കാരുടെ എണ്ണവും ഉയരുകയാണ്. ഈ അവസരം മുതലെടുത്താണ് ചില വ്യാപാരികൾ കൊള്ളവില ഈടാക്കുന്നത്.
നേരത്തെ മൊത്തവിലയുടെ മൂന്നിലൊന്ന് തുക നൽകിയാൽ ഓക്സിമീറ്റർ യഥേഷ്ടം ലഭ്യമായിരുന്നു. മെഡിക്കൽ സ്റ്റോറുകളിലെ കുറഞ്ഞവില 500 രൂപയായിരുന്നു. ഇപ്പോൾ മുഴുവൻ തുക നൽകിയാലും കമ്പനികൾ നൽകാത്ത അവസ്ഥയാണ്.
പാക്കറ്റുകളിൽ 2000 - 2400 രൂപ വരെയാണ് പരമാവധി വില്പന വില. വില്പന വിലയിൽ മാറ്റമില്ലെങ്കിലും നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് ഇപ്പോൾ ഓക്സിമീറ്റർ മെഡിക്കൽ സ്റ്റോറുകൾക്ക് ലഭിക്കുന്നത്.
പ്രവർത്തിപ്പിക്കുന്നത്
1. 15 മിനിട്ട് വരെ വിശ്രമിച്ച് ശരീരം സാധാരണനിലയിലാക്കിയശേഷം പരിശോധന
2. മീറ്റർ നടുവിരലിലോ ചൂണ്ട് വിരലിലോ ഘടിപ്പിക്കണം
3. മീറ്ററിലെ റീഡിംഗ് കൃത്യമാകുന്നത് വരെ കാത്തിരിക്കണം
4. പ്രതിദിനം മൂന്നുതവണ ഇത്തരത്തിൽ റീഡിംഗെടുക്കണം
5. റീഡിംഗ് 93 ൽ കുറവാണെങ്കിൽ ഡോക്ടറുടെ സേവനം തേടണം
വില
മെഡിക്കൽ സ്റ്റോറുകളിൽ നേരത്തെ: 500 - 800 രൂപ
നിലവിൽ: 1,200 രൂപയ്ക്ക് മുകളിൽ
ഓൺലൈൻ വിൽപ്പന നേരത്തെ: 300 രൂപ
ഇപ്പോൾ: 500 രൂപ
''
ഇപ്പോഴത്തേത് കൃത്രിമ ക്ഷാമമാണ്. വില ഉയർത്തി വിൽക്കാനുള്ള കമ്പനികളുടെ തന്ത്രമാണിത്.
മെഡിക്കൽ വ്യാപാരി