എഴുകോൺ: പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആംബുലൻസ് വിട്ട് നൽകി അലിഫ് ചാരിറ്റബൾ ട്രസ്റ്റ്. പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനും പ്രദേശവാസികളെ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനുമായി ആംബുലൻസ് വിട്ട് നൽകണം എന്ന് കാട്ടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ നൽകിയ കത്തിനെ തുടർന്നാണ് പുതുശ്ശേരിക്കോണം അലിഫ് ചാരിറ്റബൾ ട്രസ്റ്റ് ആംബുലൻസ് നൽകിയത്. രാവിലെ പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ,ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ഷഹാലിന്റെ കൈയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി ഫ്ലൗസിലാസ്, പഞ്ചായത്ത് അംഗം ആർ. എസ്. ശ്രുതി, ട്രസ്റ്റ് രക്ഷാധികാരി സലാഹുദ്ദീൻ, ട്രസ്റ്റ് സെക്രട്ടറി റമീസ്, ഷാജി എന്നിവർ പങ്കെടുത്തു.