kesavan

കൊല്ലം: പണ്ട് ഒ.എൻ.വി ഇങ്ങനെ പാടിയിട്ടുണ്ട്.

''പാടിയതിൻ പൊരുളുകൾ പാഴായ്

പാടണമെന്നോ വീണ്ടും

പാതിരയിൽ കാക്കയുണർന്ന് നിലാത്തെളി കണ്ട് കരഞ്ഞത് മാതിരി

വന്നെത്താ പുലരിയെ വാഴ്ത്തണമെന്നോ വീണ്ടും''

കമ്മ്യൂണിസം യാഥാർത്ഥ്യമാകില്ലെന്ന നിരാശയിലാണ് ഒ.എൻ.വി ഇങ്ങനെ പാടിയതെന്ന് പറയുന്നു. ഇങ്ങനെ വന്നെത്താ പുലരിയെക്കുറിച്ചുള്ള നിരർത്ഥക സ്വപ്നങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ സത്യദർശനം തേടി ഇറങ്ങിയ വിജ്ഞാന ദാഹിയായിരുന്നു അന്തരിച്ച പി. കേശവൻ നായർ.

കൊല്ലം ബോയ്സ് ഹൈസ്കൂളിലെ ക്ലാസ് മുറികളെ വിറപ്പിച്ച വിദ്യാർത്ഥി നേതാവായിട്ടാണ് പി. കേശവൻനായരുടെ പൊതുജീവിതം തുടങ്ങിയത്. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ്.എഫിന്റെ പ്രവർത്തകനായിരുന്നു. പിന്നെ യുവജനനേതാവായി. ഒപ്പം സി.ഐ.ടി.യുവിലും സി.പി.എമ്മിലും സജീവമായി. നാടുനീളെ പാർട്ടി ക്ലാസുകൾ സംഘടിപ്പിച്ച് ജനങ്ങളെ പാർട്ടിയിലേക്ക് അടുപ്പിച്ചു. പക്ഷെ നെഞ്ചുവിരിച്ച് പാർട്ടി പ്രകടനങ്ങളുടെ മുന്നിൽ നടന്നില്ല. പിന്നിൽ നിശബ്ദമായി നിന്ന് അണികളെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്തു. ഇന്ന് ജില്ലയിലുള്ള പല പ്രമുഖ സി.പി.എം നേതാക്കളെയും വാർത്തെടുത്തത് അദ്ദേഹമാണ്. സൗമ്യതയും മനുഷ്യത്വവുമായിരുന്നു കേശവൻനായരുടെ അടയാളം.

കേശവൻ നായർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായി. സി.പി.എമ്മിനുള്ളിൽ സി.ഐ.ടി.യു പക്ഷവുമായുള്ള തർക്കങ്ങൾ ശക്തിപ്രാപിച്ചുവരുന്ന കാലമായിരുന്നു. സി.ഐ.ടി.യു നേതാവായിരുന്നെങ്കിലും കേശവൻ നായർ വിഭാഗീയതയുടെ ഭാഗമായില്ല. പക്ഷെ അദ്ദേഹത്തെ നിർണായക ഘട്ടങ്ങളിൽ പാർട്ടി തഴഞ്ഞു. എന്നിട്ടും പരാതിയും പരിഭവവുമില്ലാതെ പ്രവർത്തിച്ചു. ഇതിനിടയിൽ സോവിയേറ്റ് റഷ്യയുടെ തകർച്ചയ്ക്ക് ശേഷമുള്ള തുടർ സംഭവങ്ങളും കിഴക്കൻ ജർമ്മനിയിലെയും കിഴക്കൻ യൂറോപ്പിലെയും ഇടത് ഭരണകൂടങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനങ്ങളും അദ്ദേഹത്തിന്റെ ചിന്തകളുടെ വഴിതിരിച്ചു. കമ്മ്യൂണിസം എന്ന ആശയവും അതിന്റെ പ്രയോഗവും തമ്മിൽ വലിയ അന്തരമുണ്ടെന്ന സംശയം അദ്ദേഹത്തിന്റെ മനസിൽ ഉയർന്നു. അത്തരം സംശയങ്ങളും ചിന്തകളും അദ്ദേഹം തുറന്നെഴുതി. അത് സി.പി.എമ്മിനുള്ളിൽ കലഹം സൃഷ്ടിച്ചു. കേശവൻ നായരും സി.പി.എമ്മും തമ്മിലുള്ള ആശയഭിന്നത രൂക്ഷമായി. അങ്ങനെ 2005 ൽ അദ്ദേഹം സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. പക്ഷെ പാർട്ടി പ്രവർത്തകരുമായി പിണങ്ങിയില്ല. അങ്ങനെ ആരോടും പിണങ്ങുന്ന സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്.

 ഒടുവിൽ പ്രപഞ്ചപരിണാമങ്ങൾക്ക് പിന്നാലെ

പാർട്ടി കമ്മിറ്റികളുടെ തിരക്കൊഴിഞ്ഞ കേശവൻ നായർ ശാസ്ത്രത്തെ പൗരാണിക ശാസ്ത്രദർശനങ്ങളുമായി ചേർത്ത് വച്ച് വായിച്ചു. ഈ വായനയ്ക്കും ചിന്തയ്ക്കും ഇടയിൽ നിരവധി പുസ്തകങ്ങൾ പിറന്നു. ഈ പുസ്തങ്ങളെല്ലാം ശാസ്ത്രീയ നിലപാടുതറയിൽ ഉറച്ചിനിന്നുള്ളവയായിരുന്നു. ഇടയ്ക്ക് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വേദിയിൽ പ്രത്യക്ഷപ്പെട്ടു. അവരുടെ പ്രസിദ്ധീകരണങ്ങളിൽ ലേഖനം എഴുതി. അപ്പോഴും പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉപേക്ഷിച്ചില്ല. കൂടുതൽ ആവേശത്തോടെ പ്രപഞ്ചോല്പത്തിയെക്കുറിച്ചും പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റ പഠനവും എഴുത്തുമെല്ലാം.