കൊല്ലം: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണം, ബൂത്ത്തലത്തിൽ കമ്മിറ്റികൾ ശക്തിപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ പന്തളം എന്നിവർ ദേശീയ നേതൃത്വത്തിന് കത്തയച്ചു.
തിരഞ്ഞെടുക്കപ്പെട്ട ആർജ്ജവമുള്ള ഭാരവാഹികളുടെ അഭാവമാണ് കോൺഗ്രസ് പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങാനുള്ള പ്രധാനകാരണം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും നടന്നതുപോലെ കോൺഗ്രസ് പാർട്ടിയിലും തിരഞ്ഞെടുപ്പ് അനിവാര്യമാണ്. കെ.പി.സി.സിയിലും ഡി.സി.സികളിലും ജംബോ കമ്മിറ്റികളാണ് നിലവിലുള്ളത്. ഇവരിൽ പലർക്കും ഒരു യോഗ്യതയില്ലെന്ന് മാത്രമല്ല സംഘടനാതലത്തിൽ കഴിവ് തെളിയിച്ചവരുമല്ല.
പലരും പാർട്ടി ഭരണഘടനയെക്കുറിച്ചോ ഭാരവാഹികളുടെ സംഘടനാപരമായ ചുമതലകളെക്കുറിച്ചോ ബോദ്ധ്യമില്ലാത്തവരാണ്. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പാർട്ടിയിൽ വ്യവസ്ഥയില്ലാതായെന്നും കത്തിൽ ആരോപിക്കുന്നു.