photo

കൊല്ലം: കുണ്ടറ മണ്ഡലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് നിയുക്ത കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ് പറഞ്ഞു. കൊല്ലം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയായ കേരളീയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ഇരുപതിലേറെ തവണയാണ് റെയിൽവേ ഗേറ്റ് അടയുന്നത്. റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കും. അലിൻഡ്, ടെക്‌നോ പാർക്ക്, കുടിവെള്ള പ്രശ്‌നം, കശുഅണ്ടി മേഖലയുടെ പ്രശ്‌നങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾ എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം നൽകും.
വോട്ട് നൽകിയവരിൽ ഏറെയും കശുഅണ്ടി തൊഴിലാളികളാണ്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹരിക്കുമെന്ന ഉറപ്പും നൽകി. വോട്ടുകച്ചവടം നടന്നതായുള്ള ആരോപണത്തിലൂടെ മുൻ എം.എൽ.എയും മുഖ്യമന്ത്രിയും കുണ്ടറക്കാരെ പരിഹസിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

''

കോൺഗ്രസിൽ ജംബോ കമ്മിറ്റികളുടെ എണ്ണം കുറച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചാൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കും.

പി.സി. വിഷ്ണുനാഥ്

നിയുക്ത എം.എൽ.എ

മുടങ്ങിയ പദ്ധതികൾക്ക് മുൻഗണന:

ഡോ. സുജിത്ത് വിജയൻ പിള്ള


കൊല്ലം: ചവറ മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻ പിള്ള പറഞ്ഞു. കൊവിഡ് വ്യാപനമായതിനാൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ചവറ തെക്കുംഭാഗത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടെ ടി.ആർ.പി റേറ്റ് വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം കാര്യങ്ങൾക്ക് മുൻഗണന ഉണ്ടാകും. കൊവിഡ് രോഗികൾക്ക് കിടക്ക ക്ഷാമമുണ്ട്. ഇവ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും.
ചവറയിൽ അട്ടിമറി നടന്നിട്ടില്ല. പ്രതീക്ഷിച്ച വിജയമാണുണ്ടായത്. അച്ഛൻ ചെയ്ത നല്ല പ്രവൃത്തികൾ എന്റെ വിജയത്തിന് കാരണമായി. സഹതാപ തരംഗം ഉണ്ടായെന്ന പ്രചാരണങ്ങളും ശരിയല്ല. ഒരുപക്ഷെ അച്ഛന്റെ കഴിവ് മകനിൽ പ്രതീക്ഷിച്ചത് സഹതാപമാണെങ്കിൽ അതിനെ അങ്ങനെ വ്യാഖ്യാനിക്കാം. വിജയം ലക്ഷ്യം വച്ചുതന്നെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''

സാമുദായിക ധ്രുവീകരണമാണ് വിജയത്തിലേക്ക് നയിച്ചതെന്നത് വിലകുറഞ്ഞ ആരോപണമാണ്. അത്തരത്തിലൊന്നും ചവറയിൽ ഉണ്ടായിട്ടില്ല.

ഡോ. സുജിത്ത് വിജയൻ പിള്ള

നിയുക്ത എം.എൽ.എ