street-dog

മൺറോത്തുരുത്ത്: പേപ്പട്ടിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. മൺറോത്തുരുത്ത് വില്ലിമംഗലം വെസ്റ്റ് മുക്കത്ത് വീട്ടിൽ ഒട്ടോറിക്ഷാ തൊഴിലാളി സുരേഷിന്റെ ഭാര്യ ബിജിയാണ് പേപ്പട്ടിയുടെ ആക്രമണത്തിനിരയായത്. വയറിലും കൈയിലും കടിയേറ്റ ബിജിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷും ഇവരുടെ രണ്ട് മക്കളും പേവിഷ ബാധയ്ക്കുള്ള ചികിത്സ തേടി.

അടുത്തിടെ ഇവരുടെ വീട്ടുവളപ്പിൽ കയറി പ്രസവിച്ച തെരുവുനായയാണ് ബിജിയെ ആക്രമിച്ചത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അക്രമാസക്തമായ നായ ഇന്നലെ ബിജിയെ കടിച്ച ശേഷം ഓടിപ്പോയി. വീട്ടുവളപ്പിലുണ്ടായിരുന്ന ആറ് നായ്ക്കുട്ടികളെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് കുത്തിവയ്പ്പെടുത്തു.