chathannoor-school
സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ വിദ്യാഭ്യാസ അധികൃതർ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തുന്നു

 അധികൃതർ ഇടപെട്ട് തീരുമാനം പിൻവലിപ്പിച്ചു

ചാത്തന്നൂർ: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ പ്രവർത്തനം നിറുത്താനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ ജീവനക്കാരും രക്ഷാകർത്താക്കളും പ്രതിഷേധവുമായി എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അറുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന ആദിച്ചനല്ലൂർ കൈതക്കുഴിയിലെ പ്രമുഖ സ്കൂളാണ് ലാഭകരമല്ലെന്ന പേരിൽ നിറുത്തലാക്കാൻ നീക്കമുണ്ടായത്.

കഴിഞ്ഞദിവസം പത്രമാദ്ധ്യമത്തിൽ വന്ന പരസ്യത്തിലൂടെയാണ് അദ്ധ്യാപകരും രക്ഷിതാക്കളും വിവരമറിയുന്നത്. സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും വിദ്യാർത്ഥികൾ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേയ്ക്ക് പോകണമെന്നും പരസ്യത്തിൽ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പരിഭ്രാന്തരായി എത്തിയവരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായതോടെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ചാത്തന്നൂർ എ.ഇ.ഒ ഷൈനി ഹബീബ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വർഷങ്ങളായി സ്കൂൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുന്നോട്ടുപോകാൻ കഴിയാത്ത വിധം ബാദ്ധ്യതയിലാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ കൊവിഡ് കാലത്തും എൺപത് ശതമാനം ഫീസ് പിരിച്ചെടുത്തതായി രക്ഷിതാക്കൾ ആരോപിച്ചു. ഇക്കാലയളവിൽ പകുതി ശമ്പളം മാത്രമാണ് ലഭിച്ചതെന്ന് അദ്ധ്യാപകരും പറഞ്ഞു.

നടപടിക്രമം പാലിക്കാതെ സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇതിനായി ഒരു വർഷം മുൻപ് അനുമതി വാങ്ങേണ്ടതുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പറഞ്ഞു. സ്കൂൾ ഏറ്റെടുത്ത് നടത്താൻ സന്നദ്ധരാണെന്ന് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ചർച്ചയ്ക്കിടെ അറിയിച്ചു. ഒടുവിൽ ഫീസിനത്തിലെ കുടിശിക പിരിച്ചെടുക്കുന്നതിന് പി.ടി.എ നേതൃത്വം നൽകിയാൽ സ്കൂൾ പ്രവർത്തനം തുടരാമെന്ന് മാനേജ്മെന്റ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരഞ്ഞുപോയത്. കേരളാ, സി.ബി.എസ്.ഇ വിഭാഗങ്ങളിലായി 616 വിദ്യാർത്ഥികളും അദ്ധ്യാപകരടക്കം 49 ജീവനക്കാരുമാണ് സ്കൂളിലുള്ളത്.