photo
നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലും സംഘവും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ പരിശോധിക്കുന്നു

കൊട്ടാരക്കര: കാെവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചു. തുടർന്ന് നഗരസഭ അദ്ധ്യക്ഷൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ 11 ഓക്സിജൻ കിടക്കകളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിന്റെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം, ഓക്സിജൻ പൈപ്പുകളുടെ അപര്യാപ്തതകൾ, നിലവിലുള്ള കൊവിഡ് പരിശോധനാ വിഭാഗം ആശുപത്രി കെട്ടിടത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കോളനികളിൽ അടക്കമുള്ള രോഗികളെ പ്രത്യേകം മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും പരിഗണിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ.രമേശ്, ഫൈസൽ മുഹമ്മദ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഹർഷകുമാർ, പ്രസാദ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, സി.മുകേഷ്, പി.കെ.ജോൺസൺ, കരീപ്ര-ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.