പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. പത്തനാപുരം പിറവന്തൂർ പട്ടാഴി പഞ്ചായത്തുകളിൽ മിക്ക സ്ഥലങ്ങളിലും മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ വീണു. റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. പൂങ്കുളഞ്ഞി കുന്നിൻപുറത്ത് വീട്ടിൽ സുബൈദാ ബീവിയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. ടിവി,ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീശിയടിച്ച കാറ്റിലാണ് തെങ്ങ് നിലം പതിച്ചത്. മഴയ്ക്കും കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. വീശിയടിച്ച കാറ്റിൽ പുന്നല,മാങ്കോട് , പിറവന്തൂർ,ചേകം,കമുകും ചേരി,പട്ടാഴി, പിടവൂർ മേഖലകളിൽ കാർഷിക വിളകൾക്കടക്കം വലിയ നാശമാണ് സംഭവിച്ചത്. വിവിധ പ്രദേശങ്ങളിൽ മരംവീണ് വൈദ്യുതി താറുമാറായി. രാത്രി വൈകിയും പുന:സ്ഥാപിക്കാനായിട്ടില്ല.