ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള തിരക്ക് വർദ്ധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മിക്ക കടകളിലും ബ്രാൻഡഡ് പായ്ക്കറ്റുകളിലെ അരി അടക്കമുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഏറക്കുറേ തീർന്നു. ബ്രഡ്, ബൺ, ചിലയിനം ബിസ്കറ്റുകൾ തുടങ്ങി ദിവസങ്ങളോളം ഉപയോഗിക്കാവുന്ന ഭക്ഷണസാധനങ്ങൾ ഭൂരിഭാഗം കടയിലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു.
രണ്ടുദിവസമായി പച്ചക്കറി ലോറികൾ തമിഴ്നാട്ടിൽ നിന്ന് എത്താത്ത സാഹചര്യമുണ്ടായിരുന്നതിനാൽ പച്ചക്കറികൾക്ക് ദൗർലഭ്യമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ എത്തിയ പച്ചക്കറികൾ ഇന്നലെ ഉച്ചയ്ക്കു മുമ്പുതന്നെ വിറ്റുതീരുകയും ചെയ്തു. ശേഷിച്ചവയ്ക്ക് വൈകിട്ടോടെ കച്ചവടക്കാർ തീവിലയാണ് ഈടാക്കിയതെന്ന് ആക്ഷേപമുണ്ട്.
അതേസമയം ഇന്നുമുതൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ നിർദ്ധനരായ കൊവിഡ് ബാധിതർക്ക് ഭക്ഷണം താമസസ്ഥലത്ത് എത്തിച്ചുനൽകുമെന്നും വിപണിയിൽ എല്ലാ സാധനങ്ങളും സുലഭമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അറിയിച്ചു.