ഓയൂർ: വെളിയം കോളനിയിൽ ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം കോളനിയിൽ സുരേഷ് ഭവനിൽ രാധമ്മയുടെ മകൾ രാജേശ്വരി (39)യെയാണ് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജേശ്വരിയുടെ ഭർത്താവ് സുരേഷ് കുമാറി (45)നെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡരികിൽ കൂടി നടന്നു പോവുകയായിരുന്ന രാജേശ്വരിയെ സ്കൂട്ടറിൽ എത്തിയ സുരേഷ് കുമാർ തടഞ്ഞ് നിറുത്തുകയും മുഖത്തടിക്കുകയും ചെയ്തു. താഴെ വീഴാൻ തുടങ്ങിയ രാജേശ്വരിയെ തറയിൽക്കിടന്ന പാറക്കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു .മദ്യപാനിയായ സുരേഷ് കുമാറിന്റെ പാസ്പോർട്ടും മറ്റ് രേഖകളും ഭാര്യ എടുത്ത് മാറ്റിവെച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.