bus
തേവള്ളി രാമവർമ ക്ലബിന് മുൻവശത്ത് അപകടം ഒഴിവാക്കാനായി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയ സ്വകാര്യബസും റോഡ് മുറിച്ചുകടന്ന ഓട്ടോ ടാക്‌സിയും

കൊല്ലം: അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്ന് സംഭവിക്കാമായിരുന്ന വാഹനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ പത്തരയോടെ തേവള്ളി രാമവർമ ക്ലബിന് മുൻവശത്താണ് സംഭവം. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗികളുമായി വന്ന ഓട്ടോടാക്‌സി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകട കാരണം. കടവൂർ ഭാഗത്ത് നിന്ന് വന്ന സ്വകാര്യബസ് ഓട്ടോയിൽ ഇടിക്കാതിരിക്കാനായി വലത്തേക്ക് വെട്ടിച്ചു മാറ്റിയതോടെ ഒഴിവായത് വലിയ അപകടം. തൊട്ടടുത്തായി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറും ഓട്ടോയിൽ വയോധികരായ മൂന്ന് യാത്രക്കാരുമുണ്ടായിരുന്നു. സ്വകാര്യബസ് ഡ്രൈവറുടെ മനഃസാന്നിദ്ധ്യം മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസ് യാത്ര തുടരാൻ അനുവദിച്ചു.