construction

 തൊഴിലാളികളെ തടഞ്ഞ് പൊലീസ്

കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കുന്ന ലോക്ക്ഡൗണിൽ നിർമ്മാണ മേഖല നിശ്ചലമാകുമോയെന്ന് ആശങ്ക. തൊഴിലിടങ്ങളിൽ പോകുന്നതിന് ഇളവ് നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും നിർമ്മാണ തൊഴിലാളികളെ പൊലീസ് മടക്കിയയ്ക്കുകയാണ്.

ഒരേ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർ ഒന്നിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ പിഴയീടാക്കുന്ന നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവർക്ക് പരിശോധനാ കേന്ദ്രങ്ങളിൽ പേരും ഫോൺനമ്പറും രേഖപ്പെടുത്തിയശേഷം യാത്രചെയ്യാമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നത്.

പ്രതിദിന വേതന വ്യവസ്ഥയിലാണ് മിക്ക തൊഴിലാളികളും ജോലിചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒന്നിലധികം ദിവസങ്ങളിൽ ജോലി മുടങ്ങിയാൽ പല കുടുംബങ്ങളും പട്ടിണിയിലാകും. നിയന്ത്രണങ്ങൾക്ക് വിധേയമായി തൊഴിലെടുക്കാനുള്ള അവസരമുണ്ടാകണമെന്നാണ് മേഖലയിലെ ആവശ്യം.

"

നിർമ്മാണ മേഖലയിൽ ജോലി മുടങ്ങിയാൽ ഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയിലാകും. നിർമ്മാണ തൊഴിലാളികളെ യാത്രചെയ്യാൻ അനുവദിക്കണം.

ജയൻ, നീരാവിൽ

"

ദിവസവേതനക്കാരായ ഞങ്ങളുടെ അവസ്ഥ അധികൃതർ മനസിലാക്കണം. കുടുംബത്തിന്റെ ഏകവരുമാനം ഈ തൊഴിൽ മാത്രമാണ്.

അജയൻ പുന്നവിള, തൃക്കരുവ

"

നിർമ്മാണ സാമഗ്രികളുടെ വിലക്കൂടുതൽ കാരണം പൊതുവിൽ പണി കുറവാണ്. ജോലികൂടി ഇല്ലാതായാൽ ജീവിതം പ്രതിസന്ധിയിലാകും.

രാജൻ, വിലവൂർക്കോണം, പാരിപ്പള്ളി

"

രോഗത്തിൽ ആശങ്കയുണ്ട്, കുടുംബത്തിന്റെ ഏക വരുമാനമാണ്. ജോലിക്ക് പോകാനുള്ള അവസരം അധികൃതർ തടയരുത്.

ചാൾസ്, മുഖത്തല