കൊല്ലം: കെ.എം.എം.എല്ലിന്റെ സഹായത്തോടെ ശങ്കരമംഗലം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രം മാതൃകാപരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘത്തോടൊപ്പം നിർമ്മാണം പുരോഗമിക്കുന്ന ചികിത്സാകേന്ദ്രം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.എം.എൽ ഉത്പാദിപ്പിക്കുന്ന മെഡിക്കൽ ഓക്സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ് ലൈൻ വഴി നേരിട്ട് ചികിത്സാ കേന്ദ്രത്തിൽ എത്തിക്കാനാകുന്നത് നല്ലതാണ്. സ്കൂൾ കേന്ദ്രീകരിച്ച് ഫ്ലോ മീറ്റർ ഘടിപ്പിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്ന 270 കിടക്കകൾ, സ്കൂൾ മൈതാനം കേന്ദ്രീകരിച്ച് 500 ഓളം കിടക്കകളുള്ള പുതിയ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ സജ്ജമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായി ഇവിടം മാറുമെന്നും എം.പി പറഞ്ഞു.
കൊവിഡ് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ച് തിങ്കളാഴ്ചയോടെ ജില്ലാ ഭരണകൂടത്തിന് കൈമാറാൻ കഴിയുമെന്ന് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഷെമി, ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, സോഫിയ സലാം, വി. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, കെ.എം.എം.എൽ ഡോക്ടർ ബിപിൻ തുടങ്ങിയവർ എം.പിയോടൊപ്പമുണ്ടായിരുന്നു.