sssamithi-
എസ്.എസ് സമിതിയിൽ കഴിഞ്ഞിരുന്ന ഗീതയെ ഭർത്താവിനോടൊപ്പം ജന്മനാടായ ഉത്തർപ്രദേശിലേക്ക് യാത്രയാക്കുന്നു

മയ്യനാട് : എസ്.എസ് സമിതിയിൽ കഴിഞ്ഞിരുന്ന ഗീത ഭർത്താവിനോടൊപ്പം ജന്മനാടായ ഉത്തർപ്രദേശിലേക്ക് യാത്രയായി. മാനസികനില തകരാറിലായി അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന ഇവരെ കൊല്ലം സിറ്റി വനിതാ സെൽ പൊലീസാണ് 2017 ആഗസ്റ്റ് 9ന് എസ്.എസ് സമിതിയിലെത്തിച്ചത്. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സ നൽകി. പേരൂർക്കടയിലെ മൂന്നുമാസത്തെ കിടത്തിച്ചികിത്സയ്ക്കിടയിൽ നടത്തിയ സ്‌കാനിംഗിൽ ഞരമ്പു സംബന്ധമായ വിറയൽ രോഗം കണ്ടത്തിയതോടെ തിരുവനന്തപുരം മെഡി. കോളേജിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.

എസ്.എസ് സമിതി അധികൃതർ ആസ്പയറിംഗ് ലൈവ്‌സ് മാനേജിംഗ് ട്രസ്റ്റി മനീഷുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശ് അംബേദ്കർ നഗർ ജില്ലയിലെ അഹിരോളി സ്വദേശിയായ ഭർത്താവ് ഖുഷി റാമിനെയും ബന്ധുക്കളെയും കണ്ടെത്തിയത്. ഭർത്താവും രണ്ട് ആൺമക്കളും ഭർതൃമാതാപിതാക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭർത്താവും മൂത്തമകൻ രാജ്കുമാറും ഗ്ലാസ് ഫാക്ടറി ജീവനക്കാരും ഇളയ മകൻ മോനു വിദ്യാർത്ഥിയുമാണ്. 2013 മുതൽ മാനസികാരോഗ്യക്കുറവിന് ചികിത്സയിലായിരുന്ന ഇവരെ 2016 ആഗസ്റ്റിലാണ് കാണാതായത്. യു.പി അഹിരോളി പൊലീസ് സ്റ്റേഷനിൽ ഭർത്താവ് ഖുഷിറാം പരാതി നൽകിയിരുന്നു.

ഭർത്താവും മകൻ രാജ്കുമാറുമാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇവരെ കൂട്ടികൊണ്ടു പോകാനെത്തിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് എസ്.എസ് സമിതിയിൽ നടത്തിയ യാത്രഅയപ്പിൽ രക്ഷാധികാരി ഫാ. ബൈജു ജൂലിയാൻ, മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ട്രഷറർ ആൻസിൽ ലോപ്പസ് എന്നിവർ പങ്കെടുത്തു.