ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്ത് ഏറ്റെടുത്ത നടയ്ക്കൽ വാർഡിലെ കൊവിഡ് ചികിത്സാകേന്ദ്രം പ്രവർത്തിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഏപ്രിൽ അവസാനവാരത്തിൽ 120 രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയുന്ന തരത്തിലാണ് നടയ്ക്കലിലെ സ്വകാര്യ ബാങ്കിംഗ് പരിശീലനകേന്ദ്രം കല്ലുവാതുക്കൽ പഞ്ചായത്തിന് വിട്ടുനൽകി ജില്ലാ കളക്ടർ ഉത്തരവിട്ടത്.
പഞ്ചായത്തിലെ മിക്ക വാർഡുകളിലും കൊവിഡ് പിടിമുറുക്കുകയാണ്. ഏറ്റെടുത്ത കെട്ടിടത്തിൽപ്പോലും രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ ഇവിടെ വൃത്തിയാക്കാൻ തയ്യാറാകുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മറ്റു തൊഴിലാളികളെ സമീപിച്ചെങ്കിലും അവരും ജോലി ഏറ്റ ശേഷം സമയമാകുമ്പോൾ ഒഴിഞ്ഞുമാറുകയാണ്.