കൊല്ലം: ഗൃഹചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്വാസതടസം ഒഴിവാക്കാൻ ലഘുവ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഗർഭിണികൾ, ഹൃദ്രോഗം ബാധിച്ചവർ, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവർ തുടങ്ങിയവരൊഴികെ എല്ലാവർക്കും പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം. ഇതിലൂടെ ശ്വാസതടസമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാകും.
ചെയ്യേണ്ട വിധം
കമിഴ്ന്ന് കിടന്നോ മുഖം ഒരുവശത്തേക്ക് ചരിച്ചോ ക്രമമായി ശ്വസിക്കുന്ന വ്യായാമ രീതിയാണ് പ്രോണിംഗ്. ആവശ്യമെങ്കിൽ രണ്ടോ മൂന്നോ തലയിണകൾ വയറിനടിയിൽ വയ്ക്കാം. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ പ്രോണിംഗ് ചെയ്യാവൂ. 30 മിനിറ്റ് വരെ ഇത് തുടരാം. ശരീരത്തിൽ ഓക്‌സിജന്റെ അളവ് 95ന് താഴെ എത്തുകയാണെങ്കിൽ പ്രോണിംഗ് പലതവണ ചെയ്ത് അളവ് കൂട്ടാനാകും.