കൊല്ലം: ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്കായി പോകുന്ന പൂജാരിമാരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് തടയരുതെന്ന് പ്രൈവറ്റ് ക്ഷേത്ര ശാന്തി അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായതിനാൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. നിത്യപൂജകൾ കൃത്യമായി നടക്കും. ഇതിനായി പൂജാരിമാർക്ക് രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിലേക്ക് പോകേണ്ടി വരും. തിരിച്ച് മടങ്ങുകയും വേണം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് നിത്യപൂജയ്ക്കായി പോയ പൂജാരിമാരെ പൊലീസ് തടഞ്ഞുനിറുത്തുന്ന സംഭവങ്ങളുണ്ടായി. ഈ ലോക്ക് ഡൗൺ കാലത്ത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് ദേവനാരായണൻ, ജനറൽ സെക്രട്ടറി നെടുവത്തൂർ ഗണേശൻ തിരുമേനി എന്നിവർ ആവശ്യപ്പെട്ടു.