photo
ഓട നിർമ്മാണത്തിന്റെ ഭാഗമായി തൊടിയൂർ മന്ദിരം മുക്കിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിട്ടിരിക്കുന്ന റോഡ്.

കരുനാഗപ്പള്ളി: പുതിയകാവ് - ചക്കുവള്ളി റോഡിൽ തൊടിയൂർ മന്ദിരം മുക്കിന് സമീപം ഓടനിർമ്മാണത്തിന്റെ ഭാഗമായി റോഡ് വെട്ടിക്കീറിയത് അപകടക്കെണിയാകുന്നു. നാല് മാസത്തിൽ അധികമായി റോഡിന്റെ ഒരു ഭാഗം ഓട നിർമ്മിക്കുന്നതിനായി കുഴിച്ചിട്ടിരിക്കുകയാണ്. റോഡിന്റെ തെക്കുവശത്തു കൂടി പോകുന്ന ഓടയിലെ മലിനജലം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലേക്ക് ഒഴുക്കിവിടാനാണ് ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയത്ത്. റോഡ് തുരന്നപ്പോഴാണ് നാട്ടുകാർ കാര്യമറിയുന്നത്. തുടർന്ന് പ്രദേശവാസികൾ പണി തടസപ്പെടുത്തി. ഇതോടെ ഓടയുടെ നിർമ്മാണവും നിലച്ചു.

റോഡിന്റെ പകുതിഭാഗത്ത് എടുത്ത കുഴി നികത്താൻ ബന്ധപ്പെട്ട അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ശക്തമായ മഴയിൽ വെള്ളം കുഴിയിൽ കെട്ടിനിൽക്കാൻ ആരംഭിച്ചതോടെയാണ് അപകടസാദ്ധ്യത വർദ്ധിച്ചത്. കരുനാഗപ്പള്ളിയെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടം പതിയിരിക്കുന്നത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് റോഡിലെകുഴി പൂർണമായും നികത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.