പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും പത്തനാപുരം മേഖലയിൽ ഏഴ് വീടുകൾ തകർന്നു. വ്യാപകമായ കൃഷി നാശം. പിറവന്തൂരിൽ ആറും പത്തനാപുരത്ത് ഒരു വീടുമാണ് തകർന്നത്. ശക്തമായ ഇടിമിന്നലിൽ ഇലക്ട്രിക് ഗൃഹോപകരണങ്ങൾ നശിച്ചു. പിറവന്തൂർ പഞ്ചായത്തിലെ അലി മുക്ക്, ആനകുളം, നല്ലംകുളം മേഖലകളിലാണ് ആറ് വീടുകൾ തകർന്നത്. അലി മുക്കിൽ സുകുമന്ദിരത്തിൽ സുദിനൻ, ഇന്ദീവരത്തിൽ സുരേന്ദ്രൻ, ആനകുളം സുരേഷ് ഭവനിൽ സുരേഷ്, നല്ലംകുളം മണിമല പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ, വിനീത് ഭവനിൽ ഓമന, കൃഷ്ണവിലാസത്തിൽ ദേവികയമ്മ എന്നിവരുടെയും പത്തനാപുരം പഞ്ചായത്തിൽ മാങ്കോട് പൂങ്കുളഞ്ഞി കുന്നിൻ പുറത്ത് വീട്ടിൽ സുബൈദാ ബീവിയുടെയും വീടുകളാണ് തകർന്നത്. ആനകുളത്ത് ഷൈനിന്റെ കാറിന് മുകളിലേക്ക് മരം വീണും പത്തനാപുരം പുനലൂർ റോഡിൽ വിവിധയിടങ്ങളിൽ മരങ്ങൾ വീണ് മണിക്കുറുകളോളം ഗതാഗതം തടസപ്പെടുകയും ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.