കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന കർക്കശമാക്കി സിറ്റി പൊലീസ്. ഇന്നലെ വൈകിട്ട് ആറിന് മുൻപ് തന്നെ പൊലീസ് പരിശോധനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
പ്രധാന ജംഗ്ഷനുകളിൽ താത്കാലിക പന്തലുകൾ, ചെക്കിംഗ് പോയിന്റുകൾ, ടെന്റുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. ചില പ്രത്യേക മേഖലകളിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ കാരണം ബോദ്ധ്യപ്പെടുത്താത്തവരെ തിരിച്ചയയ്ക്കും.
ആദ്യദിവസമായ ഇന്ന് താക്കീത് നൽകി യാത്രക്കാരെ വിട്ടയയ്ക്കുന്ന നടപടികളിൽ ഒതുക്കുമെങ്കിലും വരും ദിവസങ്ങളിൽ പിഴ അടക്കമുള്ള ശിക്ഷാനടപടിയാകും സ്വീകരിക്കുക
വാഹനം പിടിച്ചെടുക്കും
ഒന്നിലധികം തവണ നിർദേശം മറികടന്നെത്തിയാൽ വാഹനം പിടിച്ചെടുക്കും. ലോക്ക് ഡൗൺ പൂർത്തിയായ ശേഷം മാത്രമേ ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധനാകേന്ദ്രങ്ങൾ
എല്ലാ സ്റ്റേഷൻ പരിധിയിലെയും പ്രധാന കവലകൾ, സ്റ്റേഷൻ അതിർത്തികൾ
മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ്
കണ്ടെയിൻമെന്റ് സോണുകളുടെ അതിർത്തികളിൽ കർശന പരിശോധന
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് വാളണ്ടിയർമാരുടെ നിരീക്ഷണം
ഹാജരാക്കേണ്ട രേഖകൾ
അവശ്യസേവന മേഖലകളിലുള്ളവർ തിരിച്ചറിയൽ കാർഡ് കാണിക്കണം
ഇളവുള്ള മേഖലകളിൽ ജോലിക്ക് പോകുന്നവർ ഫോൺ നമ്പർ, പേര് എന്നിവ എഴുതി നൽകണം (കടത്തിവിടുന്നത് പൊലീസിന്റെ വിവേചനാധികാരത്തിൽ മാത്രമായിരിക്കും)
ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കാൻ പോകുന്നവർ ചികിത്സാ രേഖകൾ കാണിച്ച് ബോദ്ധ്യപ്പെടുത്തണം
ദീർഘദൂര യാത്രക്കാർ യാത്രാരേഖ (ട്രെയിൻ, എയർ ടിക്കറ്റുകൾ) കാണിക്കണം
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുത്
ഡ്രൈവറെ കൂടാതെ രേഖകളുള്ള യാത്രക്കാർ മാത്രമേ പുറത്തിറങ്ങാവൂ. കൂട്ടിന് ആളെ കൊണ്ടുപോകരുത്
അത്യാവശ്യയാത്രകൾക്ക് തിരികെയെത്തുന്ന സമയം ഉൾപ്പെടെ സത്യവാങ്മൂലം എഴുതി നൽകേണ്ടിവരും