covid-patient

കൊല്ലം: മൺറോത്തുരുത്ത് പഞ്ചായത്ത് പരിധിയിൽ കൊവിഡ് രോഗികളോട് അധികൃതർ അവഗണന കാട്ടുന്നതായി ആക്ഷേപം. കൊവിഡ് സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ തിരക്കാനോ മതിയായ മാർഗനിർദേശങ്ങൾ നൽകാനോ ആരോഗ്യപ്രവർത്തകരോ പഞ്ചായത്ത് അധികൃതരോ ശ്രദ്ധിക്കുന്നില്ല. പേഴുംതുരുത്ത് വാർഡിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയോട് പഞ്ചായത്ത് അധികൃതർ മോശമായി പെരുമാറിയെന്നും രോഗി നേരിട്ട് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് നിർദ്ദേശിച്ചതായും ആരോപണമുണ്ട്..

പേഴുംതുരുത്ത് മേഖലയിൽ നേരത്തെയുണ്ടായിരുന്ന ആശാപ്രവർത്തക ജനപ്രതിനിധിയായ ശേഷം പുതുതായി ആളെ നിയമിക്കാത്തതാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നു. എന്നാൽ ഒറ്റപ്പെട്ട സംഭവം മാത്രമാണ് ഇതെന്ന് മൺറോതുരുത്ത് പഞ്ചായത്ത് സെക്രട്ടറി ജോസഫ് അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദേശവാസികളിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചത്. ആശയവിനിമയത്തിലുണ്ടായ കാലതാമസത്തെ തുടർന്നാണ് പഞ്ചായത്ത് ഇടപെടാൻ താമസമുണ്ടായത്. തുടർന്ന് ആരോഗ്യപ്രവർത്തകരുൾപ്പെടെ കൃത്യമായ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം 'കേരള കൗമുദി'യോട് പറഞ്ഞു.