കൊല്ലം: കഴിഞ്ഞ നാലഞ്ച് ദിവസമായി ജില്ലയിലെ വലിയൊരു വിഭാഗം പൊലീസുകാരും നിരത്തിലാണ്. പൊരിവെയിലേറ്റാണ് ഇവർ വാഹനങ്ങൾ പരിശോധിക്കുന്നത്. ഇന്നലെ ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഇത്തിരി നേരം ഇരിക്കാൻ പോലും കഴിയുന്നില്ല. ദാഹിച്ച് വലഞ്ഞ് പലരും കുഴഞ്ഞുവീഴുന്ന അവസ്ഥയിലെത്തി. ഒരിറ്റ് കുടിവെള്ളം പോലും സ്റ്റേഷനുകളിൽ നിന്ന് പിക്കറ്റിംഗ് കേന്ദ്രങ്ങളിലെത്തിച്ചില്ല.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസിന് കുടിവെള്ളം എത്തിക്കുമായിരുന്നു. മിനി ലോക്ക് ഡൗൺ ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പൊലീസിന് സഹായവുമായി സന്നദ്ധ സംഘടനകളും എത്തിയിട്ടില്ല. ഇന്നലെ വാഹനയാത്രക്കാരുടെ കൈവശമുണ്ടായിരുന്ന സാക്ഷ്യപത്രം പൊലീസുകാർക്ക് വാങ്ങി നോക്കേണ്ടി വന്നു. ഇതിനുശേഷം കൈ ശുചിയാക്കാൻ പലരുടെയും കൈയിൽ സാനിറ്റൈസർ ഇല്ല. മാസ്കും ലഭിക്കുന്നില്ല.
നിയന്ത്രണം കടുപ്പിക്കാൻ ആളില്ല
ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പല സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരില്ല. ഇന്നലെയും ഇന്നും രണ്ട് പുതിയ പിക്കറ്റിംഗ് ആരംഭിച്ചതോടെ സ്റ്റേഷനുകളിൽ ഒന്നും രണ്ടും പൊലീസുകാരിൽ ചുരുങ്ങി. കൂടുതൽ പൊലീസുകാരെ പകൽ സമയത്ത് നിയോഗിക്കുന്നതിനാൽ രാത്രി ഡ്യൂട്ടിക്ക് ആളില്ലാത്ത അവസ്ഥയാണ്. അവധിയെടുത്തിട്ട് മാസങ്ങളായി. വീക്ക്ലി ഓഫ് പോലും ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്.
വനിതാസെൽ സി.ഐക്ക് കൊവിഡ്
കൊല്ലം ഈസ്റ്റ് സ്റ്റേഷൻ വളപ്പിലുള്ള വനിതാ സെല്ലിലെ സി.ഐക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സി.ഐയുമായി അടുത്ത് ഇടപഴകിയ ആറ് വനിതാ പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു.