കരുനാഗപ്പള്ളി : അതിജീവനത്തിന് പുസ്തകം സാക്ഷി എന്ന പേരിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്ത കൊവിഡ് വാക്സിൻ ചലഞ്ച് നാടിന് മാതൃകയാകുന്നു. ഗ്രന്ഥശാലകൾ ശേഖരിച്ച ഫണ്ട് ഏറ്റുവാങ്ങുന്നതിന്റെ താലൂക്കുതല ഉദ്ഘാടനം കെ.സി. പിള്ള സ്മാരക ഉദയ ലൈബ്രറിയിൽ സംഘടിപ്പിച്ചു. കെ.സി പിള്ള സ്മാരക ഉദയ ഗ്രന്ഥശാല ശേഖരിച്ച 1, 25,500 രൂപ നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എസ്. സോമൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, ഐ. ഷിഹാബ്, അഡ്വ. മണിലാൽ, സുനിൽകുമാർ തയ്യിൽ, പി. ശിവൻ തുടങ്ങിയവർ സംസാരിച്ചു. ഉദയ ഗ്രന്ഥശാലാ സെക്രട്ടറി കെ.എസ്. ബിജുകുമാർ സ്വാഗതവും ലൈബ്രേറിയൻ ആർ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.