ഹെൽപ്പ് ഡെസ്ക് പ്രവർത്തനം നിറുത്തലാക്കാൻ ശ്രമം
ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് സേവാഭാരതി പ്രവർത്തകർ പൂതക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം നിറുത്തലാക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
വൈകിട്ട് നാലുമണിയോടെ പരവൂർ പൊലീസ് സ്ഥലത്തെത്തി അനുരഞ്ജന ചർച്ച നടത്തി. ചില പ്രത്യേക രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ മാത്രം സേവന പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രവർത്തകർക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ തെറ്റായ പരാതി നൽകിയെന്നും ആംബുലൻസുകൾ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആർ.എസ്.എസ് ചാത്തന്നൂർ നഗർ കാര്യവാഹ് അനൂപ് പൂതക്കുളം, മണ്ഡൽ കാര്യവാഹ് ശ്യാം, സേവാപ്രമുഖ് സന്തോഷ് എന്നിവർ ആരോപിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
കൊവിഡ് രണ്ടാംഘട്ടവ്യാപനത്തെ തുടർന്നാണ് സേവാഭാരതിയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. രണ്ട് ആംബുലൻസുകളുടെ സേവനവും ഇവിടെ നിന്ന് ലഭ്യമാക്കിയിരുന്നു. മാനുഷിക പരിഗണനയ്ക്ക് മുൻതൂക്കം നൽകിയും ജില്ലാ കളക്ടറുടെ മാർഗനിർദ്ദേശം പാലിച്ചുകൊണ്ടുമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പരവൂർ ഐ.എസ്.എച്ച്.ഒ സംജിത് ഖാൻ പറഞ്ഞു.