പുനലൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പുനലൂരിൽ പൂർണം. അവശ്യ സാധനങ്ങൾ വാങ്ങാനുളള സ്ഥാപനങ്ങൾ ഒഴിച്ച് മറ്റ് വ്യാപാരശാലകൾ പൂർണമായും അടഞ്ഞുകിടന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് ചരക്കുമായെത്തിയ ലോറികൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലും ലോക്ക് ഡൗൺ പൂർണമായിരുന്നു. അത്യാവശ്യ മരുന്നുകൾ വാങ്ങാൻ മെഡിക്കൽ സ്റ്റോറുകളിൽ എത്തിയവരായിരുന്നു പുറത്തിറങ്ങിയവരിൽ ഏറെയും. മതിയായ രേഖകളില്ലാതെ പട്ടണത്തിൽ എത്തിയവരെ കേസെടുത്ത ശേഷം പൊലീസ് മടക്കി അയച്ചു.
എല്ലാ റോഡുകളിലും പൊലീസ് പരിശോധന
പട്ടണത്തിലേക്ക് വന്നുചേരുന്ന എല്ലാ റോഡുകളിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. പുനലൂർ ടി.ബി ജംഗ്ഷൻ, ചെമ്മന്തൂർ, വെട്ടിപ്പുഴ, മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. സത്യവാങ്മൂലം പരിശോധിച്ച ശേഷം ആശുപത്രികളിലുംലേക്ക് പോകാൻ എത്തിയവരുടെ വാഹനങ്ങൾ മാത്രമേ പൊലിസ് കടത്തി വിട്ടുള്ളൂ. ഉച്ചയോടെ നിരത്തുകൾ പൂർണമായും വിജനമായി.