കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി പി. ബാലചന്ദ്രനെ സംഘടനയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഘടനയുടെ ട്രഷറർ കൂടിയായ കോളേജ് പ്രിൻസിപ്പൽ കൊല്ലം സി.ജെ.എം കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ക്രിമിനൽ കേസിൽ പ്രതിയാവുകയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാലചന്ദ്രനെതിരെ നടപടിയെടുക്കാൻ എക്സി. കമ്മിറ്റി യോഗം തീരുമാനിച്ചത്.
സാമ്പത്തിക ക്രമക്കേടുകൾ, സംഘടനാ ഓഫീസിൽ നിന്ന് രേഖകൾ കടത്തിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി കോളേജിന് പുറത്ത് പൊതുയോഗം വിളിച്ചുചേർക്കൽ, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള മറ്റ് ഭാരവാഹികളെ പരസ്യമായി ആക്ഷേപിക്കൽ, സമൂഹമാദ്ധ്യമത്തിലൂടെ സംഘടനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കൽ, സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുത്ത് നടപ്പിലാക്കൽ തുടങ്ങിയ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ പി. ബാലചന്ദ്രൻ നടത്തിയതായി യോഗം വിലയിരുത്തി. പ്രിൻസിപ്പൽ മുൻകൈയെടുത്ത് അടിയന്തര പൊതുയോഗം വിളിച്ചുചേർത്ത് പുതിയ ഭാരവാഹികളെയും എക്സി. കമ്മിറ്റിയെയും തിരഞ്ഞെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൂർവ വിദ്യാർത്ഥി സംഘടനാ ആക്ടിംഗ് പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷനായി. ജോ. സെക്രട്ടറി എൻ. സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ സംസാരിച്ചു. ആരോപണങ്ങൾ അന്വേഷിക്കാൻ മുൻ പ്രസിഡന്റുമാരായ പി. അർജ്ജുനൻ, ഡോ. കെ.കെ. അപ്പുക്കുട്ടൻ, ജോ. സെക്രട്ടറി എൻ. സത്യൻ എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.