m
തിരക്കൊഴിഞ്ഞ പത്തനാപുരം

പത്തനാപുരം: ലോക്ഡൗണിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ നഗരം നിശ്ചലമായി. ജില്ലാ അതിർത്തിയായ കല്ലുംകടവ്, ശാലേംപുരം, ഏനാത്ത് എന്നിവിടങ്ങളിലുൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. പത്തനാപുരം മാർക്കറ്റ് ജംഗ്ഷൻ, പള്ളിമുക്ക്, പുന്നല, മഞ്ചള്ളൂർ, അലിമുക്ക്, മുക്കടവ്, കുന്നിക്കോട്, തലവൂർ, പട്ടാഴി മേഖലകളിൽ കുന്നിക്കോട്, പത്തനാപുരം പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും രേഖകളില്ലാതെ യാത്ര ചെയ്തവരിൽ നിന്നും പിഴയീടാക്കി.

ഓരോ പരിശോധനാ കേന്ദ്രങ്ങളിലും ഒരു പൊലീസ് സബ് ഇൻസ്പെക്ടർ, മൂന്നിൽ കുറയാത്ത പൊലീസുകാർ തുടങ്ങിയവർ മൂന്ന് ഷിഫ്ടുകളായി രാത്രിയും പകലും പരിശോധന നടത്തും. കൂടാതെ റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം, അഗ്നിശമന സേന തുടങ്ങിയ വകുപ്പുകളും പരിശോധന കർശനമാക്കും. മെഡിക്കൽ സ്റ്റോറുകളും പലചരക്ക്, പച്ചക്കറി വില്പന കേന്ദ്രങ്ങളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. നിലവിൽ പത്തനാപുരം പഞ്ചായത്തിൽ മാത്രം ഇരുന്നൂറോളം പോസിറ്റീവ് കേസുകളാണുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മതിയായ രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും

പത്തനാപുരം സി.ഐ സുരേഷ് കുമാർ