കുന്നത്തൂർ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് സംവിധാനങ്ങളൊരുക്കി ശൂരനാട് വടക്ക് പഞ്ചായത്ത്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും സാനിറ്റൈസർ, അണുനശീകരണം നടത്താൻ ലോഷൻ, ബോധവത്കരണ നോട്ടീസ് തുടങ്ങിയവ വിതരണം ചെയ്തു. കൊവിഡ് സെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. രോഗികൾക്ക് ആശ്വാസകരമായി ആംബുലൻസ് ഉൾപ്പെടെ നാല് വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാനിറ്റൈസർ പമ്പിന്റെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മിക്ക് കൈമാറി പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. ചെയർപേഴ്സൺമാരായ സുനിത ലത്തീഫ്, ഗംഗാദേവി, മിനി സുദർശൻ, പഞ്ചായത്ത് സെക്രട്ടറി സുചീന്ദ്രൻ, അസി. സെക്രട്ടറി സുനിൽ ഡേവിഡ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.