പുനലൂർ: കൊവിഡിനെ തുടർന്ന് പുനലൂർ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അനാഥരെ കണ്ടെത്തി പാർപ്പിക്കുന്ന പദ്ധതിക്ക് നഗരസഭയുടെ നേതൃത്വത്തിൽ രൂപംനൽകി. നെല്ലിപ്പള്ളി ഗവ. പോളിടെക്നിക്ക് കോളേജിൽ ഇവരെ പാർപ്പിച്ച് ആവശ്യമായ ഭക്ഷണം, ചികിത്സ, മരുന്ന് തുടങ്ങിയവ ലഭ്യമാക്കുന്നതാണ് നഗരസഭയുടെ പദ്ധതി. തിങ്കളാഴ്ചയാണ് പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവരെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.

സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു

ഇതുകൂടാതെ നഗരസഭാ പ്രദേശങ്ങളിൽ കൊവിഡ് ബാധിക്കുന്നവരെ താലൂക്ക് ആശുപത്രിയിലും അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലും എത്തിക്കാൻ സൗജന്യ ആംബുലൻസ് സർവീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സൗകര്യങ്ങളോട് കൂടിയ സൗജന്യ ആംബുലൻസ് സർവീസാണ് തുടങ്ങിയതെന്ന് ചെയർപേഴ്സൺ നിമ്മി എബ്രാഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇതുകൂടാതെ അടിയന്തര ഘട്ടത്തിൽ കൊവിഡ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിൽ പോകാൻ നഗരസഭയിലെ താമസക്കാർക്ക് ഒരു ഓട്ടോ റിക്ഷയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യക്കാർ നഗരസഭയിൽ ഒരുക്കിയിരിക്കുന്ന വാർ റൂമുമായി ബന്ധപ്പെടണം. ഓരോ വാ‌ർഡ് തലത്തിലെയും കൗൺസിലർമാർക്കാണ് ഓട്ടോയുടെ ചുമതല.