ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് കൊവിഡ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഹൗസ് കീപ്പിംഗ് കരാർ ജീവനക്കാരുടെ ശമ്പള കുടിശിക നൽകിയില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.
ഇരുന്നൂറോളം കരാർ തൊഴിലാളികളുടെ രണ്ടുമാസത്തെ ശമ്പളമാണ് കുടിശികയായത്. ശമ്പളം ഈ മാസം അഞ്ചിനകം നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കരാറുകാരൻ, മെഡിക്കൽ കോളജ് അധികൃതർ, ജില്ലാ കളക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂണിയനുകൾ ഉൾപ്പെട്ട സംയുക്തസമിതി അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്.
ആശുപത്രിയിൽ ശുചീകരണമുൾപ്പെടെ നടത്തുന്ന തൊഴിലാളികളിൽ നിന്ന് കരാറുകാരൻ ഒരുമാസത്തെ ശമ്പളം അഡ്വാൻസായി കൈവശം വച്ചിട്ടുണ്ട്. ഇതിനുപുറമേ ഓരോ തൊഴിലാളിയിൽ നിന്ന് പ്രതിമാസം 2000 രൂപ വീതം കമ്മിഷനായും പിടിക്കുന്നുണ്ട്. പി.എഫ് വിഹിതം പിടിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് രേഖകളൊന്നും നൽകിയിട്ടില്ലെന്നും സമരസമിതി നേതാക്കളായ എ. സുന്ദരേശൻ, ശ്രീകുമാർ പാരിപ്പള്ളി, ബിജു പാരിപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.