ശാസ്താംകോട്ട: സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ശാസ്താംകോട്ടയിലെ വാനരന്മാർക്ക് ഭക്ഷണവുമായി ഡി.വൈ.എഫ്.ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. കഴിഞ്ഞ ലോക്ക് ഡൗണിൽ മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം 88 ദിവസം വാനരന്മാർക്ക് ഭക്ഷണം നൽകിയിരുന്നു. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഇത് തുടരാനാണ് തീരുമാനം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി കെ. സുധീഷ്, പ്രസിഡന്റ് ജി. രാജേഷ്, ട്രഷറർ സന്തോഷ് എസ്. വലിയപാടം, ആർ.ബി. രജികൃഷ്ണ, ശ്യാംകൃഷ്ണൻ, സനൽ കാർത്തികേയൻ എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം വാനരന്മാർക്ക് ഭക്ഷണം നൽകിയത്.