കൊല്ലം: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാം ലോക്ക് ഡൗൺ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കി. ഇന്നലെ ജനങ്ങൾ വീട്ടിൽത്തന്നെ ഒതുങ്ങിയതിനാൽ പൊലീസിന്റെ വലയിൽ അധികമായി അളുകൾ കുടുങ്ങിയില്ല. അതേസമയം, നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങാനിറങ്ങിയവരെ വെറുതേവിട്ടതുമില്ല.
മിനി ലോക്ക് ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന പിക്കറ്റുകളുടെ എണ്ണം ഇന്നലെ എല്ലാ സ്റ്റേഷൻ പരിധികളിലും രണ്ടും മൂന്നും വീതം വർദ്ധിപ്പിച്ചു. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സി.ഐ, ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചരക്ക് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവയൊഴികെ ഒട്ടുമിക്ക വാഹനങ്ങളും തടഞ്ഞുനിറുത്തി യാത്രയുടെ ഉദ്ദേശം ചോദിച്ചറിഞ്ഞു. തൃപ്തികരമായ മറുപടി നൽകാത്തവരെ മടക്കിഅയച്ചു.
പിഴയും കേസും കുറഞ്ഞു
ജനങ്ങൾ സ്വയം വീടുകളിലൊതുങ്ങിയതിന്റെ ഫലമായി കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചുമത്തിവന്ന പിഴയുടെയും എടുത്തിരുന്ന കേസുകളുടെയും എണ്ണം ഇന്നലെ കുത്തനെ ഇടിഞ്ഞു. സിറ്റി പൊലീസ് പരിധിയിൽ കേസുകളും പിഴയും കഴിഞ്ഞ ദിവസങ്ങളിലെ ശരാശരിയുടെ എട്ട് ശതമാനമായാണ് ഇടിഞ്ഞത്. റോഡുകളിലെ വാഹന പരിശോധനയ്ക്ക് പുറമേ ഇടറോഡുകളും ഇടവഴികളും കേന്ദ്രീകരിച്ചും പട്രോളിംഗ് നടത്തി.
ലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടി (സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ)
മാസ്ക് ധരിക്കാത്തതിന്: 176 പേർക്ക് പിഴ, 435 പേർക്ക് നോട്ടീസ്
സാമൂഹ്യ അകലം പാലിക്കാത്തതിന്: 74 പേർക്ക് പിഴ, 271 പേർക്ക് നോട്ടീസ്
വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ: 34
ഇന്ന് മുതൽ കൂടുതൽ പൊലീസ്
ഇന്ന് മുതൽ കുറച്ചധികം പൊലീസുകാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ കളത്തിലിറങ്ങും. മറ്റ് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസുകളിൽ ജോലി ചെയ്തിരുന്നവരാണ് ഇവിടേക്ക് മടങ്ങിയെത്തുന്നത്. ഇവർക്ക് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന സബ് ഡിവിഷനുകളിലാണ് ഇന്ന് മുതൽ ഡ്യൂട്ടി.