ആക്രമണത്തിൽ പൊലീസുകാരനും പെട്രോൾ പമ്പ് ജീവനക്കാരനും പരിക്ക്
കൊട്ടാരക്കര: സിനിമാക്കഥകളെ വെല്ലുന്ന ഇരുചക്രവാഹന മോഷണ പരമ്പരകളാണ് കൊട്ടാരക്കരയിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഒരു ബൈക്കും സ്കൂട്ടറുമാണ് സംഘം മോഷ്ടിച്ച് കടത്തിയത്. ആദ്യമോഷണം പുലമണിൽ ഐമാളിന് സമീപം പുലർച്ചെ മൂന്ന് മണിക്കായിരുന്നു. ഇവിടെ ഓട്ടോറിക്ഷാവർക്ക് ഷോപ്പ് നടത്തുന്ന അനിലിന്റെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്.
സംഘം മോഷ്ടിച്ച് കടത്തിയതെന്ന് കരുതുന്ന മാരുതി കാറിന്റെ ഡീസൽ തീർന്നതോടെ എം.സി റോഡരികിൽ കണ്ട വീട്ടിൽ കയറി സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
സ്കൂട്ടറുമായി ഒന്നര കിലോമീറ്റർ അകലെയുള്ള കരിക്കത്തെ പെട്രോൾ പമ്പിലെത്തി ഡീസൽ കന്നാസിൽ വാങ്ങി. ഇതിനിടയിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി. ജീവനക്കാരൻ ഓടിമാറിയതിനാൽ കൈയിലെ ബാഗ് കൈക്കലാക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. സ്കൂട്ടറിൽ കൊട്ടാരക്കരയിലേക്ക് തന്നെ തിരികെ വന്ന മോഷ്ടാക്കൾ കാർ റോഡരികിൽ ഉപേക്ഷിച്ച് സ്കൂട്ടറുമായി രക്ഷപ്പെട്ടു. പെട്രോൾ പമ്പിലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. തുടർന്ന് ഇന്ന് ഉച്ചയോടെ ഒരുബുള്ളറ്റിൽ രണ്ട് യുവാക്കൾ പുലമണിൽ ഉപേക്ഷിച്ചിരുന്ന കാറിനടുത്തെത്തി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പൊലീസുകാരെ ഇടിച്ചിട്ട ശേഷം ഇവർ കടന്നുകളയുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ സലിലിന് ആക്രമണത്തിൽ പരിക്കേറ്റു. അടുത്ത കവർച്ച നടന്നത് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തലച്ചിറയിലാണ്. കേബിൾ ഓപ്പറേറ്റർ സൂരജിന്റെ കടയുടെ മുന്നിൽ വെച്ചിരുന്നു ബൈക്കാണ് മോഷ്ടിച്ച് കടത്തിയത്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ടത് ഏഴിലധികം ഇരുചക്രവാഹനങ്ങളാണ്. എല്ലാ മോഷണത്തിന് പിന്നിലും ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.