കൊല്ലം: മൺറോത്തുരുത്ത് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ പറഞ്ഞു. തന്റെ വാർഡായ പേഴുംതുരുത്തിൽ 23കാരിയായ ഗർഭിണിക്കും അമ്മയ്ക്കും മൂന്ന് ദിവസം മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യുവതി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ചികിത്സയ്ക്ക് പോയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. അച്ഛനൊഴികെയുള്ളവരുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

ഈ വിവരം പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ നേരിട്ട് അറിയിക്കണമോയെന്ന പെൺകുട്ടിയുടെ അച്ഛന്റെ ചോദ്യത്തിന് ആശുപത്രിയിൽ നിന്ന് അറിയിക്കുമെന്നാണ് ഡോക്ടർ മറുപടി നൽകിയിരുന്നത്. തൊട്ടടുത്ത ദിവസമായിട്ടും ആരും ബന്ധപ്പെടാഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പഞ്ചായത്ത് മെമ്പറെ വിളിച്ച് വിവരം പറഞ്ഞു. അപ്പോൾ തന്നെ വേണ്ട കാര്യങ്ങൾ ചെയ്തുനൽകിയെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മിനി സൂര്യകുമാർ പറഞ്ഞു.